യോഗിയുടെ കാല്‍ വണങ്ങി രജനികാന്ത്: തമിഴ് ജനതയെ നാണം കെടുത്തിയെന്ന് നെറ്റിസണ്‍സ്; ‘ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍ന്ന് കമല്‍ഹാസന്‍

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ലക്‌നൗവിലെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. താരത്തിനൊപ്പം ഭാര്യ ലതയും ഉണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, യോഗിയുടെ കാല്‍തൊട്ട് വണങ്ങുന്ന രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ലക്‌നൗവില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നടന്‍ യോഗിയുടെ കാലില്‍ വീണത്.

യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെയുള്ള ഈ നടപടിയില്‍ വലിയ വിമര്‍ശനം നടനെതിരെ ഉയരുന്നുണ്ട്. തമിഴ് ജനതയെ നാണം കെടുത്തി, രജനികാന്തിന്റെ പ്രവര്‍ത്തി അങ്ങേയറ്റം മോശമായി പോയി, ഇദ്ദേഹത്തില്‍ നിന്ന് ഇങ്ങനെ ഒന്ന് ഒട്ടും പ്രതീക്ഷിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ഇതിനിടെ തമിഴകത്തെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്റെ പഴയ പ്രസംഗവും ഇതിനോട് ചേര്‍ത്തുവെച്ച് വൈറലാകുന്നുണ്ട്. നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിമാര്‍ ഒരു ദൈവത്തെ കൊണ്ട് നിര്‍ത്തായാലും കൈകൂപ്പി അവരെ വരവേല്‍ക്കും, പക്ഷേ അവരുടെ മുമ്പില്‍ കുമ്പിടില്ല,’ എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരുന്നത്. കമല്‍ ഹാസന്റേതായി 2015ല്‍ പുറത്തിറങ്ങിയ തൂങ്കാവനം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനിടെ നടന്‍ നടത്തിയ പ്രസംഗമാണിത്.

യോഗി ആദിത്യനാഥും രജിനികാന്തും ഒരുമിച്ച് ജയിലര്‍ കാണുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മുമ്പ് താരം ഉപേക്ഷിച്ച രാഷ്ട്രീയ പ്രവേശനം വീണ്ടും ഉണ്ടാകുമോ എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കേരളത്തിലെ ഒട്ടുമിക്ക എല്ലാ തിയേറ്ററുകളിലും ജയിലര്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. വലിയ കളക്ഷനാണ് ജയിലറിന് ഇപ്പോഴും ലഭിക്കുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നീടുമ്പോള്‍ ചിത്രം തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രം 400 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനരാജിന്റെ കമല്‍ഹാസന്‍ ചിത്രം വിക്രം ആയിരുന്നു ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച തമിഴ സിനിമ. 40.05 കോടിയാണ് കേരളത്തില്‍ നിന്ന് വിക്രം സിനിമയ്ക്ക് ലഭിച്ചത്. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ ജയിലര്‍ മറികടന്നിരിക്കുന്നത്. 24.2 കോടി നേടിയ പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗമാണ് കളക്ഷന്‍ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. വിജയ് ചിത്രം ബിഗില്‍ 19.7 കോടി നേടി നാലാം സ്ഥാനത്തുമുണ്ട്.

Exit mobile version