ഡൽഹിയിലെ മത്സരം മോഡിയുടെ ഒപ്പമുള്ള രാജ്യസ്‌നേഹികളും ഷഹീൻ ബാഗിലെ പ്രതിഷേധക്കാരും തമ്മിൽ; മോഡി അവർക്ക് മറുപടി നൽകും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഒപ്പമുള്ള രാജ്യസ്‌നേഹികളും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷാഹിൻബാഗിലെ പ്രതിഷേധക്കാരും തമ്മിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിലെ പൊതുജനറാലിയിൽ സംസാരിക്കവേയായിരുന്നു അമിത്ഷായുടെ പരാമർശം. ആരാണോ രാജ്യത്തിനെതിരെ വിരൽചൂണ്ടുന്നത് അവർക്ക് മോഡി സർക്കാർ തക്കതായ ഉത്തരം നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർക്കേണ്ടത് ഇത് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നാണ്. ഒരുഭാഗത്ത് രാഹുൽഗാന്ധിയും അരവിന്ദ് കെജരിവാളും, അവർ ഷാഹിൻ ബാഗിന്റെ കൂടെ ചേർന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. മറുഭാഗത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി. അവർ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ദേശഭക്തരാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

ബിജെപിക്ക് ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും അമിത്ഷാ പറഞ്ഞു. എന്നാൽ അമിത് ഷായുടെ ആഹ്വാനങ്ങളെല്ലാം ഡൽഹിയിൽ പാഴാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തുവന്ന സർവ്വേ ഫലങ്ങളിലെല്ലാം കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി, സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന. 70 സീറ്റിൽ ആം ആദ്മി 54 മുതൽ 60 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് പ്രചരണങ്ങൾക്കനുസരിച്ചുള്ള ഫലം ലഭിക്കില്ലെന്നും ടൈംസ് നൗ-ഐപിഎസ്ഒഎസ് സർവേ പറയുന്നു. ബിജെപി 10 മുതൽ 14 സീറ്റുകൾ വരെ നേടിയേക്കും. 2015ൽ 67 സീറ്റുകളിലായിരുന്നു പാർട്ടിയുടെ ജയം.

Exit mobile version