കടുത്ത പനി ബാധിതരായ ആറ് ഇന്ത്യക്കാരെ ചൈന തടഞ്ഞുവെച്ചു; എയർ ഇന്ത്യ വിമാനത്തിൽ അയച്ചില്ല

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യ അയച്ച വിമാനത്തിൽ 324 ഇന്ത്യൻ പൗരന്മാർ ഡൽഹിയിലെത്തി. അതേസമയം, ഇതേ വിമാനത്തിൽ കയറാനിരുന്ന ആറ് ഇന്ത്യക്കാരെ കടുത്തപനിയെ തുടർന്ന് അധികഡതർ വുഹാനിൽ തടഞ്ഞുവെച്ചു. വിമാനത്തിൽ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ ആറ് പേർക്ക് കടുത്ത പനി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരുടെ വിവരങ്ങൾ ലഭ്യമല്ല.

ഡൽഹിയിലെത്തിയ 324 പേരിൽ 42 മലയാളികളും ഉണ്ടായിരുന്നു. രാവിലെ 7.36 ഓടെയാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവരേയും കൊണ്ട് എയർഇന്ത്യയുടെ പ്രത്യേക വിമാനം പറന്നിറങ്ങിയത്. 324 പേരിൽ 211 പേരും വിദ്യാർത്ഥികളാണ്. മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരും. വിമാനത്തിൽ വച്ച് തന്നെ പ്രാഥമിക വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ വിമാനത്തിന് പുറത്തെത്തിച്ചത്. തുടർന്ന് നേരെ ഹരിയാനയിലെ മനേസറിനടുത്ത് കരസേന തയ്യാറാക്കിയ ഐസോലേഷൻ വാർഡുകളിലേക്ക് കൊണ്ടുപോയി. 14 ദിവസം അവിടെ തുടരും.

ചൈനയിൽ നിന്ന് മടങ്ങാൻ താത്പര്യം അറിയിച്ച ബാക്കിയുള്ള ഇന്ത്യക്കാരെ മറ്റൊരു വിമാനത്തിൽ ഉടൻ അയക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Exit mobile version