324 പേരുമായി വുഹാനിൽ നിന്നും ആദ്യ എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 42 മലയാളികളും

ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 42 പേർ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡൽഹിയിലെത്തിയത്. ഇതിൽ 211 വിദ്യാർഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ആന്ധ്രപ്രദേശിൽ നിന്നുള്ളവരാണ് സംഘത്തിൽ ഏറ്റവും കൂടുതലുള്ളത്. ഇവർ 56 പേരുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടർമാരും എയർ ഇന്ത്യയുടെ പാരാമെഡിക്കൽ സ്റ്റാഫുമായി ഡൽഹിയിൽനിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോർഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം യാത്ര തിരിച്ചു. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതർ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.

തിരിച്ചെത്തിയവരെ പ്രത്യേകം പാർപ്പിക്കാൻ ഹരിയാനയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ് ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും ഒരുക്കി. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡൽഹി കന്റോൺമെന്റ് ബെയ്‌സ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.

എല്ലാവരേയും ഒരുമിച്ചുതാമസിപ്പിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, 50 പേർക്കുവീതം കഴിയാവുന്ന ബാരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരിടത്തുള്ളവരെ മറ്റൊരിടത്തുള്ളവരുമായി ഇടപഴകാൻ അനുവദിക്കില്ല. അതേസമയം, കൊറോണ പടർന്നുപിടിക്കുന്ന ഹുബെ പ്രവിശ്യയിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരാൻ രണ്ടാമത്തെ വിമാനം ഇന്ന് അയക്കും.

Exit mobile version