പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താന്റെ സ്വരത്തിൽ; ‘പാകിസ്താൻ’ താരതമ്യം അവസാനിപ്പിക്കാതെ വീണ്ടും യോഗി

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച ചർച്ചകളും പ്രസംഗങ്ങളും പാകിസ്താനെ പരാമർശിച്ച് തന്നെ പൂർത്തിയാക്കാനാകൂ എന്ന നിലപാടിൽ ഉറച്ച് ബിജെപി നേതാക്കൾ. ഇന്ത്യയ്ക്ക് പൗരത്വ ഭേദഗതി കൊണ്ടുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന ഇവർ, എതിർക്കുന്നവരെ പാകിസ്താനിലേക്ക് അയക്കാനുള്ള തിരക്കിലാണെന്നാണ് ഉയരുന്ന വിമർശനം. ഇത് ശരിവയ്ക്കുന്നതാണ് യുപി മുഖ്യമന്ത്രിയുടെ വാക്കുകളും. പൗരത്വ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്താന്റെ സ്വരത്തിലാണെന്നാണ് യോഗിയുടെ പുതിയ വിമർശനം. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കാനാകില്ലെന്നും യോഗി ഗോരാകാന്ത് നഴ്‌സിങ് കോളേജിലെ പാസ്സ് ഔട്ട് പരേഡിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

‘സ്വന്തം രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പാകിസ്താന്റെ സ്വരത്തിലാണ് ഇത്തരക്കാർ സംസാരിക്കുന്നത്. പാകിസ്താന്റെ ഉദ്ദേശ്യങ്ങൾ ഒന്നും നടപ്പാക്കാൻ നമ്മൾ അനുവദിക്കരുത്. അങ്ങിനെ ചെയ്താൽ ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും’യോഗി പറഞ്ഞു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നൽകിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎയെന്നും യോഗി പറഞ്ഞു.

Exit mobile version