ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈന

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആളുകളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ചൈന വ്യക്തമാക്കി.

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന വുഹാന്‍ നഗരത്തില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ചൈന അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആളുകളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും ചൈന വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വേണ്ടി ചര്‍ച്ചകള്‍ നടക്കുകയാണ്. വുഹാനിലുള്ള ഇന്ത്യയിലേക്ക് മടങ്ങേണ്ട എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി സമ്മത പത്രം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്.

ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ മലയാളികളുമുണ്ട്. ഇവരില്‍ നല്ല ഒരു പങ്കും വിദ്യാര്‍ത്ഥികളാണ്. ചൈനയിലേക്ക് പോകാന്‍ വേണ്ടി എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാന്‍ എപ്പോള്‍ കഴിയുമെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന ആദ്യം സമ്മതംമൂളിയിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാടില്‍ അയവുണ്ടായത്.

Exit mobile version