ഭര്‍ത്താവ് വിദേശത്തായ 30കാരിക്ക് 23കാരനുമായി അടുപ്പം; കൈയ്യോടെ പിടികൂടിയ പിതാവും ബന്ധുക്കളും ഇരുവരുടെയും മൂക്കുമുറിച്ചു

അയോധ്യ: അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ നാട്ടുകാര്‍ യുവാവിന്റെയും യുവതിയുടെയും മൂക്ക് മുറിച്ചെടുത്തു. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30കാരിയും 23കാരനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് സൗദിയില്‍ ജോലി ചെയ്യുകയാണ്. യുവതിയും യുവാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. അതിനിടെ ഇരുവരുടെയും ബന്ധത്തില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു.

ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ശേഷം ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പോലിസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും യുവതിയെയും പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മായി അപ്പനും ബന്ധുക്കളും അറസ്റ്റിലായതായി അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു.

Exit mobile version