രാമ ക്ഷേത്രം എപ്പോള്‍ നിര്‍മ്മിക്കും? മോഡിയോട് ശിവസേന; ഉടന്‍ ഓഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ

'രാമക്ഷേത്രം എപ്പോഴാണ് നിങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് പറയണം. ബാക്കി കാര്യമാണ് പിന്നീട് സംസാരിക്കാം

ന്യൂഡല്‍ഹി: വീണ്ടും അയോധ്യ വിഷയത്തില്‍ വാഗ്വാദവുമായി ശിവസേനയും ബിജെപിയും. രാമക്ഷേത്ര നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്നും, തീയതി ഉടന്‍തന്നെ അറിയണമെന്നും നരേന്ദ്ര മോഡിയോട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അയോധ്യയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യം ഉയര്‍ത്തിയത്.

‘രാമക്ഷേത്രം എപ്പോഴാണ് നിങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് പറയണം. ബാക്കി കാര്യമാണ് പിന്നീട് സംസാരിക്കാം’ ഉദ്ധവ് താക്കറെ പറഞ്ഞു. ഭാര്യക്കും മകനുമൊപ്പം കുടുംബത്തോടെയാണ് ഉദ്ധവ് അയോധ്യയിലെത്തിയത്. ആദ്യമായിട്ടാണ് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശനം നടത്തുന്നത്.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണനടപടികള്‍ ധ്രുതഗതിയിലാക്കണമെന്നു ആവശ്യപ്പെട്ടു ശിവസേനയും വിശ്വഹിന്ദു പരിഷത്തും ഞായറാഴ്ച അയോധ്യയില്‍ പലയിടത്തായി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്തിന്റെ പരിപാടിയില്‍ മാത്രം രണ്ടു ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ബിജെപിയുടെ പ്രധാന അജണ്ട തന്നെയാണെങ്കിലും തിടുക്കപ്പെട്ട് ഒന്നും ചെയ്യാനില്ലെന്നും ഭരണഘടനാപരമായി ആണ് പരിഹാരം കാണുകയെന്നും അമിത് ഷാ പറയുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്.

Exit mobile version