തനിക്കെതിരെ നിറയൊഴിക്കാന്‍ കേന്ദ്രമന്ത്രിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധൈര്യമുണ്ടോ! അനുരാഗ് താക്കൂറിനെ വെല്ലുവിളിച്ച് ഒവൈസി

രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേ വെടിയുതിര്‍ക്കണമെന്ന കേന്ദ്രസഹമന്ത്രിയുടെ ആഹ്വാനത്തിനെതിരെയാണ് ഒവൈസി രംഗത്ത് എത്തിയത്.

ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ അനുരാഗ് താക്കൂറിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേ വെടിയുതിര്‍ക്കണമെന്ന കേന്ദ്രസഹമന്ത്രിയുടെ ആഹ്വാനത്തിനെതിരെയാണ് ഒവൈസി രംഗത്ത് എത്തിയത്.

ഇന്ത്യയില്‍ ഏതെങ്കിലും സ്ഥലത്തുവച്ച് തനിക്കെതിരേ നിറയൊഴിക്കാന്‍ കേന്ദ്രമന്ത്രിക്കോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു.

നിങ്ങള്‍ പറയുന്ന സ്ഥലവും തീയതിയും പറഞ്ഞാല്‍ അവിടെ വരാന്‍ താന്‍ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവനകള്‍ എന്റെ ഹൃദയത്തില്‍ ഭയം സൃഷ്ടിക്കുകയില്ല. ആയിരക്കണക്കായ അമ്മമാരും സഹോദരിമാരുമെല്ലാം രാജ്യത്തെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിട്ടുള്ളപ്പോള്‍ താനെന്തിന് ഇത്തരം വാക്കുകളെ ഭയക്കണമെന്നും ഒവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം വിവാദമായിരുന്നു. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെയ്ക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരേയെന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെ കൊണ്ട് ‘വെടിവയ്ക്കൂ’ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി.

Exit mobile version