ചൈനയിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ എയർ ഇന്ത്യ പുറപ്പെടുന്നു; അനുമതി നൽകി ചൈന; പാസ്‌പോർട്ടിനായി സമീപിക്കാൻ ഇന്ത്യൻ എംബസി

ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിന് ഇടയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കാൻ നടപടികളുമായി ഇന്ത്യ. ചൈനയിലെ വുഹാനിലെ ഇന്ത്യക്കാരെ കൊണ്ടുവരാനായി എയർ ഇന്ത്യയുടെ വിമാനം ഉടൻ അയക്കും. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെടുന്നത്. വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ചൈന നൽകി.

കേന്ദ്ര സർക്കാർ ഇതിനായി ചൈനീസ് സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ചൈന അനുമതി നൽകിയത്. നേരത്തെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം ചൈനയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സംബന്ധിച്ച നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നൽകിയിരുന്നു.

പാസ്‌പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബീജിങിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദ്ദേശിച്ചിട്ടുണ്ട്. വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്‌പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയിട്ടുള്ളവരാണ് വിവരങ്ങൾ കൈമാറേണ്ടത്. പാസ്‌പോർട്ട് കൈവശം ഇല്ലാത്തവർക്ക് വിവരങ്ങൾ അറിയിക്കാൻ പ്രത്യേക ഇ മെയിൽ ഐഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകൾക്ക് പുറമെയാണിത്.

Exit mobile version