പൗരത്വ നിയമത്തിനെതിരെയുള്ള കുട്ടികളുടെ നാടകം; രാജ്യദ്രോഹത്തിന് കേസ്; സ്‌കൂള്‍ അടച്ചുപൂട്ടി

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ചതിന് വടക്കന്‍ കര്‍ണാടകയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്‌കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ പ്രിന്‍സിപ്പലിനും സ്‌കൂള്‍ മാനേജ്‌മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികദിനവുമായി ബന്ധപ്പെട്ട്, പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചിരുന്നു. അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നാടകം കളിച്ചത്. നാടകത്തില്‍ പ്രധാന മന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയായിരുന്നു.

അതേസമയം, പോലീസ് നടപടിക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ജീവനക്കാരെയും പോലീസ് മാനസികമായി ഉപദ്രവിക്കുകയാണെന്ന് ഷാഹീന്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ തൗസീഫ് മഡികെരി പറഞ്ഞു. നാടകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ജീവനക്കാരുടെയോ മാനേജ്‌മെന്റോ വിദ്യാര്‍ത്ഥികളോടു യാതൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെയാണ് നാടകം കളിച്ചതെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version