ഐ ലവ് കെജരിവാൾ; ഓട്ടോയിൽ എഴുതിയ ഡ്രൈവർക്ക് 10,000 രൂപ പിഴ; ചോദ്യം ചെയ്ത് ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോടുള്ള സ്‌നേഹം ഓട്ടോയിൽ എഴുതി ചേർത്ത ഡ്രൈവർക്ക് 10,000 രൂപ പിഴയിട്ട തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. ഓട്ടോയിൽ ‘ഐ ലവ് കെജരിവാൾ’ എന്ന് എഴുതിയ ഡ്രൈവർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിഴയിട്ടത്.

‘ഐ ലവ് കെജ്‌രിവാൾ, സിർഫ് കെജ്‌രിവാൾ’ (ഞാൻ കെജ്‌രിവാളിനെ സ്‌നേഹിക്കുന്നു, കെജ്‌രിവാളിനെ മാത്രം)എന്നാണ് ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയിൽ എഴുതിയിരുന്നത്.

അതേസമയം, തനിക്ക് 10,000 രൂപ ചെലാൻ പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർ. ഈ ഹർജിയിൽ ഡൽഹി സർക്കാരിനോടും പോലീസിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

എന്തിനാണ് പിഴ ചുമത്തിയതെന്ന് അന്വേഷിക്കുന്നതിനായി സമയം അനുവദിക്കണമെന്ന് സർക്കാരും പോലീസും കോടതിയെ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ വാദത്തെ ഓട്ടോ ഡ്രൈവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു.

ഒന്നാമതായി ഇതൊരു രാഷ്ട്രീയ പരസ്യമല്ല, ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ പെറ്റീഷണറുടെ സ്വന്തം ചെലവിലാണ് സന്ദേശം എഴുതിയത്. അല്ലാതെ രാഷ്ട്രീയ പാർട്ടിയുടെ ചെലവിലല്ല. ഒരു വ്യക്തി സ്വന്തം പണം ചെലഴിച്ച് പരസ്യം ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊതുഗതാഗതം പരസ്യത്തിനായി ഉപയോഗപ്പെടുത്താമെന്നും അഭിഭാഷകൻ വിശദീകരിച്ചു. അടുത്ത വാദം കേൾക്കുന്ന മാർച്ച് മൂന്നിന് ഇതുസംബന്ധിച്ച വിശദീകരണം നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Exit mobile version