പൗരത്വ ഭേദഗതി പ്രക്ഷോഭകരോട് യുപി പോലീസിന്റെ അതിക്രമം: യോഗി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ലഖ്‌നൗ:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കുന്നതിനിടെ ജനങ്ങളോട് അതിക്രമം കാണിച്ച യുപി പോലീസിനെതിരെ അലഹാബാദ് ഹൈക്കോടതി. പ്രക്ഷോഭത്തിനിടെ ഉണ്ടായ പോലീസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.

പ്രക്ഷോഭത്തിനിടയിൽ ഇരുപതോളം മരണങ്ങളാണ് ഉത്തർപ്രദേശിലുണ്ടായത്. അതിൽ പലതും വെടിയേറ്റ പരിക്കിനെ തുടർന്നുള്ള മരണങ്ങളായിരുന്നു. പ്രതിഷേധത്തിനിടെയിലെ ആക്രമണത്തെ കുറിച്ചും പോലീസ് നടപടികളെ കുറിച്ചുമുള്ള ഏഴോളം പെറ്റീഷനുകൾ കോടതിക്ക് മുമ്പാകെ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് നടപടികളെ കുറിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെ കുറിച്ചും സർക്കാർ വിശദീകരണം നൽകണം.

പ്രക്ഷോഭത്തിനിടയിൽ കൊല്ലപ്പെട്ട ഇരുപതുപേരുടെയും മൃതദേഹ പരിശോധന റിപ്പോർട്ട്, പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന രേഖകൾ എന്നിവയും ഹാജരാക്കാൻ നിർദേശമുണ്ട്.

Exit mobile version