മനുഷ്യരെ കണ്ട് ഭയന്ന് കാട്ടിലേക്ക് ഓടിയ ആനയെ പിന്തുടര്‍ന്ന് ആക്രമിച്ച് ഗ്രാമവാസി; വാലില്‍ പിടിച്ച് വലിച്ചും വേദനപ്പിച്ചും ക്രൂരത; വീഡിയോ വൈറല്‍; അന്വേഷണം ഊര്‍ജിതമാക്കി വനംവകുപ്പ്

മനുഷ്യരെ കണ്ട് ഭയന്ന് കാട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന ആനയുടെ വാലില്‍ പിടിച്ച് വലിച്ച് ശല്യം ചെയ്യുന്ന ഗ്രാമവാസിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബംഗാളിലെ താര്‍ഗ്രാം ഗ്രാമത്തിലാണ് സംഭവം. ആനയെ വടിയും മറ്റ് ആയുധങ്ങളുമായി ആക്രമിക്കാനെത്തുവരയെും വീഡിയോയില്‍ കാണാം.

ഉപദ്രവിക്കാനായി എത്തിയ മനുഷ്യരെ കണ്ട് കാട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയാണ് ആന. ഇതിനിടെയാണ് കാട്ടാനയുടെ പുറകെ പോയി ഗ്രാമവാസികളിലൊരാള്‍ വാലില്‍ പിടിച്ച് വലിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ആനയെ ഉപദ്രവിക്കാനായി എത്തിയവരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗാളിലെ താര്‍ഗ്രാം ഗ്രാമത്തില്‍ ആനകളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങള്‍ കൂടുതലാണ്. അതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നത്. ആനയെ ഉപദ്രവിച്ചവര്‍ക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version