അന്യമതത്തില്‍ നിന്നും വിവാഹം ചെയ്യുന്നത് എന്താ ദേശവിരുദ്ധമാണോ? സ്വരാജ് കൗശലിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

മുംബൈ: ബോളിവുഡ് താരങ്ങളായ നസീറുദ്ദീന്‍ ഷായും അനുപം ഖേറും തമ്മിലുള്ള ട്വിറ്റര്‍ വാക്‌പോരില്‍ ഇടപെട്ട മിസോറാം മുന്‍ ഗവര്‍ണറും സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗശലിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. അന്യമതത്തില്‍നിന്നു വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്ന് സ്വരാജിനോട് തരൂര്‍ ചോദിച്ചു.

ജെഎന്‍യു സന്ദര്‍ശനത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ചും അനുപം ഖേറിനെ പരിഹസിച്ചും നസീറുദ്ദീന്‍ ഷാ ട്വീറ്റ് ചെയ്തതോടെയാണ് നസീറുദ്ദീന്‍ ഷായും അനുപം ഖേറും തമ്മിലുള്ള തര്‍ക്കം തുടങ്ങിയത്. ഇതിനിടെയാണ് നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് സ്വരാജ് കൗശല്‍ രംഗത്തെത്തിയത്. നസീറുദ്ദീന്‍ ഷാ, ഒരു നന്ദികെട്ട മനുഷ്യനാണെന്ന് സ്വരാജ് കൗശല്‍ പറഞ്ഞു.

‘നസീറുദ്ദീന്‍ ഷാ, നിങ്ങളൊരു നന്ദികെട്ട മനുഷ്യനാണ്. രാജ്യം നിങ്ങള്‍ക്ക് പേരും പ്രശസ്തിയുംപണവും നല്‍കി. നിങ്ങള്‍ മറ്റൊരു മതത്തില്‍നിന്ന് വിവാഹം ചെയ്തു. ആരും ഒരു വാക്ക് പോലും എതിരെ പറഞ്ഞില്ല’ എന്നായിരുന്നു സ്വരാജ് നസീറുദ്ദീന്‍ ഷായെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. ഇതിനെതിരെയാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്.

അന്യമതത്തില്‍ നിന്നും വിവാഹം ചെയ്യുന്നത് ദേശവിരുദ്ധത ആണോ എന്ന് തരൂര്‍ ചോദിച്ചു. സുഹൃത്തിനെ(അനുപം ഖേറിനെ )പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പക്ഷേ ഈ നിര്‍ഭാഗ്യകരമായ ട്വീറ്റില്‍ ലിസ്റ്റുചെയ്തിട്ടുള്ള അടിസ്ഥാനങ്ങളില്‍ അല്ല ആ പ്രതിരോധമെന്ന് സ്വരാജിന്റെ ട്വീറ്റിന് ശശി തരൂര്‍ മറുപടി നല്‍കി.

Exit mobile version