മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് സോറോസ്

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം മോഡിയെ കടന്നാക്രമിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ് എന്നിവരെയും സോറോസ് രൂക്ഷമായി വിമര്‍ശിച്ചു.

ഇന്ത്യയില്‍ ദേശീയത കുറയുന്നതിന് പകരം അത് തീവ്രമാകുകയാണ് ചെയ്തത്. അവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി ഒരു ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുവെന്നും ജമ്മു കാശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും സോറോസ് പറഞ്ഞു.

ലോകം തനിക്കു ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നും അദ്ദേഹം കാപട്യക്കാരനും നാര്‍സിസിസ്റ്റുമാണെന്നും സോറോസ് പറഞ്ഞു. ചൈനീസ് ജനതയ്ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിന്‍പിങ് എന്നു സോറോസ് കുറ്റപ്പെടുത്തി.

Exit mobile version