എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പീഡനക്കേസ് പ്രതിക്ക് രണ്ട് ദിവസത്തെ പരോള്‍

ന്യൂഡല്‍ഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്യാനായി പീഡനക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് അലഹബാദ് ഹൈക്കോടതി രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായിക്കാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി പരോള്‍ അനുവദിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബിഎസ്പി ടിക്കറ്റില്‍ വിജയിച്ചെങ്കിലും പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് അതുല്‍ റായ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആവശ്യം കോടതി നിരസിച്ചു. നിലവില്‍ കോടതി രണ്ട് ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

ജനുവരി 29ന് അതുല്‍ രാജിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പോലീസ് കസ്റ്റഡിയില്‍ പോകാമെന്നും ജനുവരി 31ന് സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചു പോലീസ് കസ്റ്റഡിയില്‍ പ്രവേശിക്കാമെന്നും ജസ്റ്റിസ് രമേശ് സിന്‍ഹ പരോള്‍ ഉത്തരവില്‍ പറഞ്ഞു.

Exit mobile version