നിര്‍ഭയ കേസില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും പ്രതികളുടെ നീക്കം! തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു

ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്ന് ആരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസില്‍ വീണ്ടും വധശിക്ഷ വൈകിപ്പിക്കാന്‍ പ്രതികളുടെ നീക്കം. കേസിലെ പ്രതികള്‍ തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്ന് ആരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കൂടാതെ, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികള്‍ കൂടി തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കി. പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം വച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. അംറോഹ കൊലപാതകക്കേസില്‍ വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു പരാമര്‍ശം.

അടുത്തമാസം ഒന്നിനാണ് നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നീട്ടിക്കൊണ്ടുപോകാനാണ് ഇപ്പോള്‍ പ്രതികളുടെ ശ്രമമെന്നാണ് സൂചന.

Exit mobile version