തന്റെ കാത്തിരിപ്പ് ജനുവരി 22 എന്ന ദിവസത്തിനായാണ്; നിര്‍ഭയയുടെ അമ്മ

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മകളെക്കുറിച്ചുള്ള അമ്മയുടെ വാക്കുകളാണിത്.

ന്യൂഡല്‍ഹി: ജനുവരി 22 എന്ന ദിവസത്തിനായാണ് ഇനി തന്റെ കാത്തിരിപ്പെന്ന് നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ ആശാദേവി. ‘ഏഴ് വര്‍ഷം എന്റെ കണ്ണുകളില്‍ നിന്നൊഴുകിയത് കണ്ണീരല്ല, രക്തമാണ്. കരഞ്ഞ്, കരഞ്ഞ് ഞാന്‍ കല്ലായി മാറിയിരുന്നു.’ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മകളെക്കുറിച്ചുള്ള അമ്മയുടെ വാക്കുകളാണിത്.

നീണ്ട ഏഴുവര്‍ഷങ്ങളാണ് തന്റെ മകള്‍ക്ക് നീതി ലഭിക്കാന്‍ ഈ അമ്മ പോരാടിയത്. ജനുവരി 22 നാണ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായിരിക്കുന്നത്. നിര്‍ഭയ കേസിലെ വിധിപ്രഖ്യാപന ദിവസം നാടകീയ രംഗങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്.

മരണവാറന്റ് പുറപ്പെടുവിച്ച്, അതില്‍ ഒപ്പിടാന്‍ ജഡ്ജി ഒരുങ്ങിയ നിമിഷം, കുറ്റവാളികളില്‍ ഒരാളുടെ അമ്മ നിര്‍ഭയയുടെ അമ്മയുടെ മുന്നില്‍ കേണപേക്ഷിച്ചു, തന്റെ മകന്റെ ജീവിതം ഇല്ലാതാക്കരുതെന്നായിരുന്നു അവരുടെ അപേക്ഷ. ‘എന്റെ മകള്‍ക്ക് സംഭവിച്ചത് ഞാനെങ്ങനെ മറക്കും’ എന്നായിരുന്നു നിര്‍ഭയയുടെ അമ്മയുടെ മറുചോദ്യം. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അമ്മ തന്റെ മുന്നില്‍ അപേക്ഷിച്ചപ്പോള്‍ തനിക്കൊരു വികാരവും തോന്നിയില്ലെന്ന് നിര്‍ഭയയുടെ അമ്മ പറയുന്നു.

തന്റെ മകള്‍ക്ക് മാത്രമല്ല, രാജ്യത്തെ ഓരോ പെണ്‍കുട്ടിയുടെയും സുരക്ഷയെയും നീതിയെയും കരുതിയുള്ള വിധിയാണിതെന്ന് നിര്‍ഭയയുടെ കുടുംബം പറഞ്ഞു. ആയുഷ്‌കാലം മുഴുവന്‍ മകളെക്കുറിച്ചുള്ള വേദന നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഈ മാസം 22 രാവിലെ ഏഴുമണിക്കാണ് തീഹാര്‍ ജയിലില്‍ വച്ച് നാലുപേരെ തൂക്കിലേറ്റുന്നത്.

Exit mobile version