വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍ വളരെയധികം സന്തോഷം; നിര്‍ഭയയുടെ അമ്മ

നിര്‍ഭയ കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി.

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്നും, സുപ്രീംകോടതിയുടേത് ശരിയായ തീരുമാനമാണെന്നും നമ്മള്‍ ഒരുപടികൂടി അടുത്തുവെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ്കുമാര്‍ സിങ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിയുമ്പോഴാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പുനപരിശോധന ഹര്‍ജി തള്ളിയത്. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി. പുനപരിശോധന എന്നാല്‍ പുനര്‍വിചാരണയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

2012 ഡിസംബര്‍ 16-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു.

Exit mobile version