ധനമന്ത്രി പരാജയമാണെന്ന് മോഡിക്ക് തന്നെ ബോധ്യമായ സ്ഥിതിക്ക് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതല്ലേ മര്യാദ?; കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രകടനം ശരാശരിക്കു താഴെയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുതന്നെ ബോധ്യമായ സ്ഥിതിക്ക് അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതാണു മര്യാദയെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍. ബജറ്റുമായി ബന്ധപ്പെട്ടുള്ള പല ചര്‍ച്ചകളിലും ധനമന്ത്രിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലാണ്. അതിലൊന്നും ധനമന്ത്രിയെ പങ്കെടുപ്പിക്കാറില്ല. ധനമന്ത്രിയുടെ പ്രകടനം ശരാശരിക്കു താഴെയാണെന്ന് പ്രധാനമന്ത്രിക്ക് തന്നെ ബോധ്യമായ സ്ഥിതിക്ക് നിര്‍മ്മല സീതാരാമനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുന്നതല്ലേ നല്ലതെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

ധനമന്ത്രാലയത്തിന്റെയും ധനമന്ത്രിയുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പൊതു ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ നടക്കുക. എന്നാല്‍ ബജറ്റിനു മുന്നോടിയായി 13 ഓളം ചര്‍ച്ചകളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. പലചര്‍ച്ചകളിലും അമത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ പങ്കെടുത്തെന്നും ഒന്നില്‍ പോലും ധനമന്ത്രി ഉണ്ടായിരുന്നില്ലെന്നും പൃഥ്വിരാജ് ചവാന്‍ ചൂണ്ടിക്കാട്ടി.

ധനമന്ത്രിയുടെ അസാന്നിധ്യം ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കും. പ്രധാനമന്ത്രി ധനകാര്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു എന്നു വേണം മനസിലാക്കാനെന്നും പൊതു ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന് അവസരം നല്‍കുകയാണെങ്കില്‍ തന്നെ ബജറ്റ് പ്രസംഗം പൂര്‍ണമായും പ്രധാനമന്ത്രിയുടെതാകുമെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

Exit mobile version