ബിജെപിയ്ക്ക് വോട്ട് ചെയ്‌തോ, ഇല്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കും;, ക്ഷേമത്തിനായി നീക്കിവച്ച ഫണ്ട് ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കും; താക്കീതുമായി ബിജെപി എംഎല്‍എ

ബംഗളൂരൂ: മുസ്ലീങ്ങള്‍ക്ക് താക്കീതുമായി കര്‍ണാടക എംഎല്‍എ രേണുകാചാര്യ. ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് രേണുകാചാര്യ ഭീഷണിയുയര്‍ത്തി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ബിജെപി എംഎല്‍എയുടെ ഭീഷണി.

മുസ്ലീങ്ങള്‍ക്ക് താന്‍ താക്കീത് നല്‍കുന്നു. ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ നിങ്ങളുടെ പ്രദേശത്തെ വികസന പ്രവര്‍ത്തന പദ്ധതികള്‍ താന്‍ ഏറ്റെടുക്കുകയില്ലെന്നും അവരുടെ ക്ഷേമത്തിനായി നീക്കിവച്ച ഫണ്ട് തന്റെ നിയമസഭാ മണ്ഡലത്തില്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിയമസഭാ സീറ്റായ ഹൊന്നാലിയെ സംസ്ഥാനത്തെ പൂര്‍ണ്ണമായും കാവിവത്കരിക്കപ്പെട്ട നിയോജകമണ്ഡലമാക്കി മാറ്റുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനുപകരം ആയുധങ്ങള്‍ സൂക്ഷിക്കുകയാണെന്നും അവരുടെ പുരോഹിതന്മാര്‍ പ്രഭാഷണങ്ങള്‍ക്ക് പകരം ഫത്വകള്‍ നല്‍കുന്നുണ്ടെന്നും രേണുകാചാര്യ പറഞ്ഞു.

എംഎല്‍എയുടെ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. മുന്‍ ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രിയായിരുന്ന രേണുകാചാര്യ ഇപ്പോള്‍ 2019 ഓഗസ്റ്റ് മുതല്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാഷ്ട്രീയ സെക്രട്ടറിയാണ്.

Exit mobile version