നിരോധനാജ്ഞ വകവെയ്ക്കാതെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രവർത്തകരുടെ റാലി; അടിച്ചോടിച്ച് സബ്കളക്ടർ; മുടിപിടിച്ചുവലിച്ച് തിരിച്ചടിയും; വൈറലായി പ്രിയ വർമ്മ ഐഎഎസ്

രാജ്ഗഡ്: മധ്യപ്രദേശിൽ ബിജെപി പ്രവർത്തകരെ റാലിയിൽ നിന്നും അടിച്ചോടിച്ച് സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് സബ്കളക്ടർ പ്രിയ വർമ്മ എന്ന ഐഎഎസ് ഉദ്യേഗസ്ഥ. നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവർത്തകർ റാലി നടത്തിതാണ് പ്രിയ വർമ്മയെ പ്രകോപിപ്പിച്ചത്. ഇതോടെ പോലീസിനൊപ്പം റാലി തടയാനെത്തിയ പ്രിയ വർമ്മ ഒരാളെ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പതാകയുമായി എത്തിയ ഒരാളുടെ പതാക പിടിച്ച് വാങ്ങി സബ്കളക്ടർ പ്രിയ വർമ്മ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ മറ്റ് പ്രവർത്തകർ അടുത്തു പ്രിയയുടെ ചുറ്റിനും കൂടി, ഒരാൾ സബ്കളക്ടറുടെ മുടിയിൽ പിടിച്ചു വലിച്ചു. അവരുടെ മുടി അഴിഞ്ഞുവീണിട്ടും പിന്മാറാൻ പ്രതിഷേധക്കാരും പ്രിയയും കൂട്ടാക്കിയില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പൗരത്വ നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ ബിജെപി പ്രവർത്തകരെകളക്ടർ ഓടിച്ചിട്ട് തല്ലിയത്. പ്രിയ തല്ലി തുടങ്ങിയതോടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്ഗഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയമാണ് ഇത് ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥയായി എത്തിയത്. മുമ്പും പ്രതിഷേധക്കാരെ കൈയ്യേറ്റം ചെയ്ത് വാർത്തകളിൽ ഇടം നേടിയിട്ടുള്ള പ്രിയ വർമ്മ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ബിജെപിക്കാരെ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ഇരുപത്തൊന്നാം വയസ്സിൽ ഡിഎസ്പി ആയ പ്രിയാ വർമ്മ ഇൻഡോറിനടുത്തുള്ള മംഗലിയാ എന്ന ഗ്രാമത്തിൽ നിന്നാണ് സിവിൽ സർവീസിൽ എത്തിയത്. 2014 -ലാണ് പ്രിയ സിവിൽ സർവീസ് നേടുന്നത്. ഭൈരവ്ഗഢ് ജയിലിൽ ജയിലർ ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്. 2015 -ലാണ് ഡിഎസ്പി ആകുന്നത്. 2017 വീണ്ടും യുപിഎസ്സി പരീക്ഷ എഴുതിയ പ്രിയ അത്തവണ സംസ്ഥാനത്ത് നാലാമതെത്തുകയും സബ് കളക്ടർ ആവുകയും ചെയ്യുകയായിരുന്നു.

അതേസമയം, സബ്കളക്ടർക്കെതിരെ ബിജെപി നേതൃത്വവും രംഗത്തെത്തി. ‘ഡെപ്യൂട്ടി കളക്ടർ മാഡം, നിങ്ങൾ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂർണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങൾക്ക് നൽകിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം’ എന്നാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തത്.

Exit mobile version