ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും ഇനി വാങ്ങാനാവുക ഒരു കുപ്പി; സിഗററ്റ് കാർട്ടണുകൾക്ക് വിലക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഇത്തവണ കുടിയന്മാരെ വലയ്ക്കുന്ന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നികുതിരഹിത ഷോപ്പുകളിൽ (ഡ്യൂട്ടി ഫ്രീ ഷോപ്പ്) നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി കുറയ്ക്കാനും സിഗററ്റ് കാർട്ടണുകൾ വിൽക്കുന്നത് നിരോധിക്കാനും വാണിജ്യമന്ത്രാലയം ശുപാർശ ചെയ്തു. അത്യാവശ്യമില്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക.

രാജ്യാന്തര യാത്രക്കാർക്ക് നിലവിൽ ഒരു സിഗരറ്റ് കാർട്ടണും രണ്ട് ലിറ്റർ മദ്യവും നികുതിയില്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങാനാവും. ഇത് പരിമിതപ്പെടുത്താനാണ് നിർദേശം. മറ്റു പല രാജ്യങ്ങളിലും ഒരു ലിറ്റർ മദ്യവും ഒരു സിഗററ്റ് കാർട്ടണും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങാനാവൂ എന്ന രീതിയിലേക്ക് മാറാനാണ് വാണിജ്യമന്ത്രാലയത്തിന്റെ ശുപാർശയിൽ ആവശ്യപ്പെടുന്നത്.

സാധാരണഗതിയിൽ നികുതിരഹിത കടകളിൽനിന്ന് 50,000 രൂപയുടെ വരെ സാധനങ്ങൾ വാങ്ങാം. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ വിപുലീകരണവും ഉത്പാദനവളർച്ചയും ലക്ഷ്യമിട്ട് കടലാസ്, ചെരിപ്പ്, റബ്ബർ ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയ്ക്ക് തീരുവ ഉയർത്താനും ശുപാർശയുണ്ട്.

Exit mobile version