ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കള്‍; മോഹന്‍ ഭാഗവത്

ബറെയ്‌ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യ ഹിന്ദുക്കളുടേതാണ്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല’ മോഹന്‍ഭാഗവത് പറഞ്ഞു.

ഇന്ത്യ ഹിന്ദുക്കളുടേതാണെങ്കിലും ഭരണഘടനയല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഹിന്ദുത്വമെന്നത് സമഗ്രമായ സമീപനമാണ്, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് അതെന്നും വൈകാരിക സമന്വയമാണ് അതിനെ അടയാളപ്പെടുത്തുന്നതെന്നും ഭാഗവത് പറഞ്ഞു.

ശോഭനമായ ഭാവി വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് രാജ്യത്തെ നയിക്കുന്നതെന്നും ഭരണഘടന വായിച്ചു നോക്കുകയാണെങ്കില്‍ അതിലെ ഓരോ പേജും രാജ്യത്തെ പ്രചോദിപ്പിക്കുന്നതാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാകുമെന്നും നമ്മുടെ തുടക്കവും എന്തൊക്കെ നേടണമെന്നുള്ള ലക്ഷ്യങ്ങളും അത് നമ്മളോട് പറയുന്നുവെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.

Exit mobile version