ജയിലിൽ കിടക്കുമ്പോൾ മാപ്പ് പറയാത്തവർക്കാണ് ഭാരതരത്‌നയ്ക്ക് അർഹത; ശിവസേനയുടെ സവർക്കർ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്

മുംബൈ: വിഡി സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന പരാമർശവുമായി രംഗത്തെത്തിയ ശിവസേന എംപി സഞ്ജയ് റാവത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ്. ജയിലിൽ കഴിയുമ്പോൾ മാപ്പ് പറയാത്തത് ആരാണോ, അവർക്കാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന് അർഹത എന്നാണ് സച്ചിൻ സാവന്തിന്റെ മറുപടി. സവർക്കർക്ക് ഭാരതരത്‌ന ന ൽകുന്നതിനെ എതിർക്കുന്നവർ രണ്ട് ദിവസം ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിയണമെന്നും എന്നാൽ ഇത്തരത്തിൽ സംസാരിക്കില്ലെന്നുമായിരുന്നു ശിവസേന നേതാവിന്റെ പരാമർശം. ഇതിനുള്ള മറുപടിയുമായാണ് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് രംഗത്തെത്തിയത്.

ജയിലിൽ കഴിയുമ്പോൾ മാപ്പ് പറയാത്തത് ആരാണോ, അവർക്കാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന് അർഹത. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചിരിക്കുന്നത് ഇത് വിശകലനം ചെയ്യാനല്ല. അല്ലെങ്കിൽ ഭാരതരത്ന ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരല്ല. അത് കേന്ദ്രസർക്കാരിന്റെ വിഷയമാണെന്നും സച്ചിൻ സാവന്ത് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക കുറ്റവാളി കരീം ലാലയുമായി കൂടികാഴ്ച്ച നടത്തിയിരുന്നെന്നും അന്ന് അധോലോകത്തോടൊപ്പം ചേർന്നാണ് കോൺഗ്രസ് മഹാരാഷ്ട്രയിൽ ആധിപത്യം പുലർത്തിയതെന്നുമുള്ള ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെതിരെ എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ രംഗത്തെത്തിയിരുന്നു. സഞ്ജയ് റാവത്ത് ഇനി ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു പരാമർശവും നടത്തരുതെന്നാണ് ശരത് പവാർ പ്രതികരിച്ചത്. ഇതോടെ, സഞ്ജയ് റാവത്ത് പ്രസ്താവനയിൽ നിന്ന് പിന്മാറി. ഇനിയും അക്കാര്യത്തിൽ കൂടുതൽ ഇടപെടാനില്ലെന്നും ശരത് പവാർ പറഞ്ഞിരുന്നു.

Exit mobile version