ബലാത്സംഗക്കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിന് ഇരയായ 13കാരിക്കും അമ്മയ്ക്കും പ്രതികളുടെ ക്രൂരമർദ്ദനം; അമ്മ കൊല്ലപ്പെട്ടു; സംഭവം യുപിയിൽ

കാൺപൂർ: വീണ്ടും രാജ്യത്തെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ നിന്നും ക്രൂരതയുടെ വാർത്ത. ഉത്തർപ്രദേശിലെ കാൺപൂരിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ പ്രതികൾ മർദ്ദിച്ചു കൊന്നു. 40കാരിയാണ് കൊല്ലപ്പെട്ടത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ കഴിഞ്ഞയാഴ്ച പെൺകുട്ടിയേയും അമ്മയേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ പെൺകുട്ടിയുടെ അമ്മ കൊല്ലപ്പെട്ടു. കേസ് പിൻവലിക്കാൻ തയ്യാറാകാത്തതിനായിരുന്നു ക്രൂര മർദ്ദനം. 2018ലാണ് 13കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്.

നേരത്തെ, 2018ലെ പീഡനകേസിലെ പ്രതികളിൽ നാല് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. അബിദ്, മിന്റു, മഹ്ബൂബ്, ചന്ദബാബു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയത്.

പീഡനകേസ് പിൻവലിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് പെൺകുട്ടിയും അമ്മയും തയ്യാറാവാതിരുന്നതോടെ മർദ്ദിക്കുകയായിരുന്നുവെന്ന് യുപി പോലീസ് പറഞ്ഞു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ടെന്ന് കാൺപൂർ പോലീസ് അറിയിച്ചു. ഇതിലൊരാളെ ഏറ്റുമുട്ടലിനൊടുവിലാണ് അറസ്റ്റ് ചെയ്തതതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version