ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 57 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയാണ് പട്ടിക പ്രഖ്യാപിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ രവി നെഗിയാണ് സ്ഥാനാര്‍ത്ഥി. 70 സ്ഥാനാര്‍ത്ഥികളുടെയും പട്ടിക ആം ആദ്മി പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

എഎപിയും ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചശേഷം പട്ടിക പുറത്തിറക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതിനിടെ കെജരിവാളിനെതിരെ നിര്‍ഭയയുടെ അമ്മ ആശ ദേവിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. നിര്‍ഭയയുടെ അമ്മയെ സ്വാഗതം ചെയ്യുന്നു എന്ന കീര്‍ത്തി ആസാദിന്റെ ട്വീറ്റ് ചര്‍ച്ചയായിരുന്നു.എന്നാല്‍ ഒരു പാര്‍ട്ടിയിലും സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറല്ലെന്ന് ആശ ദേവി പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11 നാണ് വോട്ടെണ്ണല്‍.

Exit mobile version