നിര്‍മ്മാണം പുരോഗമിക്കുന്ന അംബേദ്‌കർ പ്രതിമയുടെ ഉയരം വീണ്ടും കൂട്ടി; ചെലവ് 700 കോടിയില്‍ നിന്നും 1100 കോടി രൂപയായി ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ ഭരണഘടന ശില്പിയായ ഡോ. ബിആര്‍ അംബേദ്‌കറോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രതിമയുടെ ഉയരം 100 അടികൂടി വര്‍ധിപ്പിക്കാനാണ് തീരുമാനം. മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദ്ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീകരിച്ചത്.

ദാദറിലെ ഇന്ദു മില്‍ പ്രദേശത്ത് പ്രതിമയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഉയരം വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഇത് 350യായി ഉയര്‍ത്തി. പ്രതിമയുടെ തറ ഉയരം 100 അടി കൂടി ചേരുമ്പോള്‍ ആകെ 450 അടി ഉയരത്തിലാണ് അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുക.

350 അടി ഉയരപ്രകാരം പ്രതിമയ്ക്ക് 700 കോടി രൂപ ചെലവായിരുന്നു മുന്‍സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതിമയുടെ ഉയരം വര്‍ധിപ്പിച്ചതിലൂടെ ആകെ 1100 കോടി രൂപയുടെ ചിലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.

Exit mobile version