ഇന്ദിരാഗാന്ധി അധോലോക കുറ്റവാളി കരിം ലാലയെ സന്ദര്‍ശിച്ചിരുന്നുവെന്ന വിവാദപരാമര്‍ശം; കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്‍വലിക്കുന്നുവെന്ന് സഞ്ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെയും മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയുംപറ്റി നടത്തിയ വിവാദ പരാമര്‍ശം ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പിന്‍വലിച്ചു. അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിര കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ പരാമര്‍ശമാണ് സഞ്ജയ് റാവത്ത് പിന്‍വലിച്ചത്. കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പരാമര്‍ശം പിന്‍വലിച്ചത്.

തന്റെ വാക്കുകള്‍ കോണ്‍ഗ്രസുകാരായ തന്റെ സുഹൃത്തുക്കള്‍ക്ക് വിഷമമുണ്ടാക്കിയ സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കുന്നതെന്ന് റാവത്ത് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നുവെന്നും 1960-80 കാലത്ത് മദ്യലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്ന അധോലോക കുറ്റവാളി കരിം ലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദര്‍ശിച്ചിട്ടുണ്ടെന്നുമാണ് സഞ്ജയ് പറഞ്ഞത്.

കരിം ലാല, ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍, ശരത് ഷെട്ടി തുടങ്ങിയവരായിരുന്നു അക്കാലത്ത് മുംബൈ നഗരത്തെയും സമീപ പ്രദേശങ്ങളെയും കൈകാര്യം ചെയ്തിരുന്നത്. പോലീസ് കമ്മീഷണറുടെ നിയമനം, സര്‍ക്കാര്‍ നേതൃത്വം എന്നിവയില്‍ അടക്കം തീരുമാനമെടുത്തിരുന്നത് ഇവരായിരുന്നു. മുംബൈ സെക്രട്ടറിയേറ്റിലും വരാറുണ്ടായിരുന്നു ഇവര്‍. ഹാജി മസ്താന്‍ അടക്കമുള്ളവരെ കാണാന്‍ ജീവനക്കാരടക്കം തടിച്ചുകൂടുമായിരുന്നുവെന്നും ഇന്ന് സ്ഥിതി മാറി എന്നുമായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്.

കോണ്‍ഗ്രസുമായി സഖ്യത്തിലിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന. ഇത് വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മുന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുള്ള പ്രസ്താവനയില്‍ സഞ്ജയ് റാവത്ത് ദുഃഖിക്കേണ്ടിവരുമെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധി രാജ്യ സുരക്ഷയില്‍ ഒരുകാലത്തും വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്ര ട്വീറ്റ് ചെയ്തു.

മുന്‍ പ്രധാനമന്ത്രിമാരെപ്പറ്റി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് നേതാക്കള്‍ വിട്ടുനില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പരാമര്‍ശം പിന്‍വലിക്കുന്നതായി സഞ്ജയ് റാവത്ത് അറിയിച്ചത്.

Exit mobile version