പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് സൈനികര്‍ രക്ഷകരായി; കനത്ത മഞ്ഞിലൂടെ നാല് മണിക്കൂര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു; ഇന്ത്യന്‍ സൈനികരെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍: പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് രക്ഷകരായി എത്തിയത് സൈനികര്‍. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് കനത്ത മഞ്ഞിലൂടെ ചുമന്ന്
ആശുപത്രിയിലെത്തിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് ട്വിറ്റര്‍ പേജിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടു. വീഡിയോ പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ റീട്വീറ്റ് ചെയ്തു.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിനിടെയാണ് പ്രസവവേദന കൊണ്ട് പുളഞ്ഞ ഷമീമയ്ക്ക് രക്ഷകരായി ഇന്ത്യന്‍ സൈന്യം എത്തിയത്. നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് നാല് മണിക്കൂറോളം ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

യുവതി പ്രസവിച്ചുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്നും ചിനാര്‍ കോര്‍പ്‌സിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. സൈനിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ളവര്‍ ഈ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സൈനികരെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഷമീമയും കുഞ്ഞും സുഖമായിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. വീഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്.

Exit mobile version