കാശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയത് ചരിത്ര നീക്കം; പാകിസ്താന്റെ നിഴൽയുദ്ധം അവസാനിപ്പിക്കാനായി; കരസേനാ ദിനത്തിൽ രാഷ്ട്രീയം പറയാതെ പറഞ്ഞ് സേനാമേധാവി നരവാനെ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചില്ലെങ്കിലും ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ വാനോളം വാഴ്ത്തി കരസേനാമേധാവി എംഎം നരവാനെ. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ പ്രശംസിച്ചതിനോടൊപ്പം ഇത് ചരിത്രനീക്കമാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘പടിഞ്ഞാറുള്ള അയൽക്കാരുടെ’ നിഴൽ യുദ്ധം ഇതോടെ അവസാനിപ്പിക്കാൻ സാധിച്ചെന്നും, ജമ്മു കാശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളത് പോലെ സാധാരണ ജീവിതം ഉറപ്പാക്കുമെന്നും നരവാനെ അവകാശപ്പെട്ടു.

സായുധസേനകൾ ഒരു കാരണവശാലും തീവ്രവാദത്തോട് സഹിഷ്ണുത കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പുതുതായി സ്ഥാനമേറ്റെടുത്ത കരസേനാ മേധാവി വ്യക്തമാക്കി. ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന എഴുപത്തിരണ്ടാമത് കരസേനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ, കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീന കാശ്മീർ പിടിച്ചെടുക്കാൻ തയ്യാറാണെന്ന് നരവാനെ പ്രതികരിച്ചിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ നേരിടാൻ ഞങ്ങളുടെ പക്കൽ പല വഴികളുമുണ്ട്. അതൊന്നും ഉപയോഗിക്കാൻ ഞങ്ങൾ മടിക്കില്ല എന്നുമായിരുന്നു നരവാനെയുടെ മുന്നറിയിപ്പ്.

കരസേനാ ദിനത്തിൽ, കരസേനയുടെ ശക്തി തെളിയിക്കുന്ന, മിലിട്ടറി ഉപകരണങ്ങളടക്കം പ്രദർശിപ്പിക്കുന്ന വിപുലമായ പരേഡും കരസേനാ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്നു. ജനറൽ നരവാനെയ്ക്ക് പുറമേ, എയർ ചീഫ് മാർഷൽ ആർകെഎസ് ബഹാദുരിയ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അതേസമയം, കരസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പരേഡ് നയിച്ചത് അഭിമാനനിമിഷമായി. കരസേനാ ക്യാപ്റ്റൻ താനിയ ഷെർഗ്ഗിലാണ് പുരുഷ കണ്ടിൻജന്റുകളെയെല്ലാം പരേഡിൽ നയിച്ചത്.

സ്വാതന്ത്ര്യലബ്ധിക്ക് രണ്ട് വർഷത്തിന് ശേഷം 1949-ൽ,ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് ആദ്യത്തെ സൈനികമേധാവിയായി ജനറൽ കരിയപ്പ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് എല്ലാ ജനുവരി 15-ാം തീയതിയും കരസേനാ ദിനമായി ആചരിക്കുന്നത്.

Exit mobile version