രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതെങ്കിലും സര്‍കലാശാലകളില്‍ പോയി സമ്പദ്ഘടനയുടെ പുരോഗതിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ മോഡിക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഞാന്‍ മോഡിയെ വെല്ലുവിളിക്കുന്നു, പോലീസിന്റെ അകമ്പടിയില്ലാതെ ഏത് സര്‍വകലാശാലയിലും പോകാം. അവിടെ ചെന്ന് വിദ്യാര്‍ത്ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു വേണ്ടി എന്ത് ചെയ്തുവെന്നും, എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയാന്‍ സാധിക്കുമോ…’രാഹുല്‍ ചോദിച്ചു.

സര്‍വകലാശാലകളിലെ യുവാക്കളോട് എഴുന്നേറ്റു നിന്ന് സംസാരിക്കാനും, സമ്പദ് വ്യവസ്ഥ ഇത്ര മോശമായത് എന്തുകൊണ്ടെന്ന് അവരോട് പറയാനും മോഡി ധൈര്യപ്പെടണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. പോലീസിനെ ഉപയോഗിച്ച് അദ്ദേഹം അവരെ തകര്‍ക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കളുടെ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് പകരം നരേന്ദ്ര മോഡി രാഷ്ട്രത്തെ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ്. യുവാക്കളുടെ ശബ്ദം നിയമാനുസൃതമാണ്, അത് കേള്‍ക്കുക തന്നെ വേണമെന്നും രാഹുല്‍ പറഞ്ഞു.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഭയവും ദേഷ്യവുമാണിപ്പോള്‍. കാരണം സാമ്പത്തിക തൊഴില്‍ മേഖലയില്‍ വിനാശകരമായ പരാജയമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version