കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയില്ല, പ്രധാനമന്ത്രി ക്ഷുഭിതനായി; മമത ബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പശ്ചിമബംഗാളില്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘പോളിസിമേക്കേഴ്‌സി’ന് നല്ല ബുദ്ധി തോന്നിക്കുന്നതിന് വേണ്ടി താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുമെന്ന് മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ പശ്ചിമ ബംഗാളില്‍ നടപ്പാക്കിയിരുന്നില്ല.

ഇതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. പശ്ചിമ ബംഗാളിന്റെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിലെ 90 ലക്ഷം ജനങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷന്‍ ലഭിച്ചത്. എന്നിട്ടും കിസാന്‍ പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ എന്തുകൊണ്ട് പശ്ചിമബംഗാളില്‍ നടപ്പാക്കുന്നില്ല എന്ന് മോഡി ചോദിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് യോജന, പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി, എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക്‌ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം ലഭിച്ചുതുടങ്ങും. ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി പ്രകാരം രാജ്യത്തെ പാവപ്പെട്ട 75 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി.

പ്രധാനന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം 43,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മറ്റുള്ളവരെല്ലാം പദ്ധതി നടപ്പാക്കിയിട്ടുണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മാത്രം എന്തുകൊണ്ട് പദ്ധതി നടപ്പാക്കുന്നില്ല എന്നും മമതയെ രൂക്ഷമായി വിമര്‍ശിച്ച് മോഡി ചോദിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച പോര്‍ട്ട് ട്രസ്റ്റ് 150-ാം വാര്‍ഷിക സമ്മേളനത്തില്‍ നിന്നും മമതാ ബാനര്‍ജി വിട്ടുനിന്നിരുന്നു. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചു

Exit mobile version