അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷം, തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്; യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷ സംഘടനകളാണെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ജെഎന്‍യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റര്‍ പരീക്ഷ തടസപ്പെടുത്തുകയുമാണ് ഇടതുപക്ഷ സംഘടനകളുടെ ലക്ഷ്യമെന്നും യോഗി ആരോപിക്കുന്നു.

ഗ്വാളിയറിലെ ജിവൈഎംസി ഗ്രൗണ്ടില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.’ജെഎന്‍യുവില്‍ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടതുപക്ഷക്കാരാണ്. ജെഎന്‍യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റര്‍ പരീക്ഷ തടസപ്പെടുത്തുകയുമാണ് അവരുടെ ലക്ഷ്യം. ഡല്‍ഹി പോലീസ് അവരുടെ ഗൂഡാലോചന കണ്ടെത്തി കഴിഞ്ഞു’ വെന്നും യോഗി പറഞ്ഞു.

ഇരകളെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ ഭാരവാഹികളുടെ കൈകളിലായിരുന്നു വടിയും ഇരുമ്പ് ദണ്ഡുകളും കാണപ്പെട്ടത്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം അക്രമ സംഭവങ്ങളില്‍ പോലീസ് സംശയിക്കുന്ന ഒമ്പതു പേരുടെ ചിത്രങ്ങള്‍ ഇതിനോടകവും പുറത്തുവിട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്തുടനീളം അക്രമത്തിന് ആക്കം കൂട്ടുന്നതിനായി അഭ്യൂഹങ്ങളും നുണക്കഥകളും പ്രചരിപ്പിക്കുകയാണെന്നും ചില സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണെന്നും ഇത് തികച്ചും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും യോഗി പറഞ്ഞു.

കോണ്‍ഗ്രസും സഖ്യകക്ഷികളും നക്‌സലുകള്‍ക്കും തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും പ്രാണവായു നല്‍കുന്നുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയ പാര്‍ട്ടി ഇപ്പോള്‍ അതിന്റെ രക്ഷാധികാരി ചമയുകയാണെന്നും യോഗി പറഞ്ഞു.

Exit mobile version