കേരളം മാതൃക; പൗരത്വ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ കോൺഗ്രസ് സംസ്ഥാനങ്ങളും; ഇരട്ടത്താപ്പെന്ന് ബിജെപി

ന്യൂഡൽഹി: കേരളത്തിന്റെ മാതൃകയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും പൗരത്വ നിയമഭേഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ തീരുമാനം. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, എൻപിആർ പുതുക്കൽ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിഎഎ, എൻആർസി, എൻപിആർ, സാമ്പത്തിക അവസ്ഥ, കശ്മീർ, ഇറാൻ-യുഎസ് സംഘർഷം എന്നിവയും വർക്കിംഗ് കമ്മിറ്റി ചർച്ച ചെയ്തു.

രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വർക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കുകയും ചെയ്തു. സർക്കാറിനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിന് കോൺഗ്രസ് പിന്തുണ നൽകും. സാമ്പത്തിക രംഗത്തെ സർക്കാറിന്റെ തുടർ പ്രവർത്തനങ്ങൾ വ്യക്തമാക്കണമെന്നും കാശ്മീരിലെ മനുഷ്യാവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയുടെ അധ്യക്ഷയായ യോഗത്തിൽ എകെ ആൻറണി, പി ചിദംബരം, ആനന്ദ് ശർമ്മ, പ്രിയങ്കാന്ധി, ജോതിരാദിത്യ സിന്ധ്യ, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധി യോഗത്തിനെത്തിയില്ല.

എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കാനുള്ള തീരുമാനമെടുത്തതിനെ ബിജെപി രൂക്ഷമായി വിമർശിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാറിനെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് ബിജെപി തിരിച്ചടിച്ചു. സിഎഎ നിലവിൽ വന്നു. ഇനി ആർക്കും പിന്തിരിപ്പിക്കാനാകില്ല. നേരത്തെ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗക്കാർക്ക് പൗരത്വം നൽകണമെന്ന് മൻമോഹൻ സിങ് ആവശ്യപ്പെട്ടിരുന്നെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു പറഞ്ഞു. രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഹിന്ദുക്കളായ അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എൻപിആർ നടപ്പാക്കാൻ 2010ൽ തീരുമാനിച്ചത് കോൺഗ്രസാണ്. 2020ൽ എത്തിയപ്പോൾ എൻപിആർ അവർക്ക് അപകടകരമായി. കോൺഗ്രസിന് ഇക്കാര്യങ്ങളിലെല്ലാം ഇരട്ടത്താപ്പാണെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.

Exit mobile version