ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഞങ്ങളാണ്, മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമം നടത്തും; ജെഎന്‍യു അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; വീഡിയോ

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകുമെന്നും സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്ര ഹിന്ദുത്വ സംഘടന ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്നും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകുമെന്നും സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ വീഡിയോയിലൂടെയായിരുന്നു ഭൂപേന്ദ്ര തോമര്‍ ഇക്കാര്യം പറഞ്ഞത്. ‘കമ്മ്യൂണിസ്റ്റുകളുടെ താവളമാണ് ജെഎന്‍യു. ഞങ്ങളുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. അത്തരത്തിലൊരു താവളം ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ മതത്തിന് എതിരായ അവരുടെ നിലപാട് ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വ്വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകു’ മെന്നും വീഡിയോയില്‍ തോമര്‍ പറയുന്നു.

ഈ രാജ്യത്ത് ജീവിച്ച്, ഭക്ഷണം കഴിച്ച്, വിദ്യാഭ്യാസം നേടി അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജെഎന്‍യുവില്‍ അക്രമം നടത്തിയ എല്ലാവരും ഞങ്ങളുടെ പ്രവര്‍ത്തകരാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ ഒരുക്കമാണെ’ ന്നും വീഡിയോയില്‍ പറയുന്നു. ഒരു മിനിറ്റ് 50സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. മാധ്യമങ്ങളില്‍ ഒന്നടങ്കം ഇപ്പോള്‍ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version