ഫാക്ടറിയില്‍ ജോലി ചെയ്തതില്‍ തൊഴിലാളികള്‍ക്ക് ബാക്കിയായത് ‘അര്‍ബുദബാധ’! കുടുംബത്തോട് മാപ്പ് അപേക്ഷിച്ച് സാംസങ്!

കമ്പനിയുടെ സെമി കണ്ടക്ടര്‍, എല്‍സിഡി ഫാക്ടറികളില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കാണ് അര്‍ബുദരോഗബാധയുണ്ടായത്.

സോള്‍: കമ്പനിയുടെ ഫാക്ടറിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ബാക്കിയായത് അര്‍ബുദബാധ. ഇതോടെ തൊഴിലാളികളോടും കുടുംബത്തോടും സാംസങ് ഇലക്ട്രോണിക്‌സ് മാപ്പു പറഞ്ഞു. സാംസങ്ങിന്റെ നിര്‍മ്മാണ ഫാക്ടറികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് അര്‍ബുദരോഗം ബാധിച്ചിരുന്നു. ഒരു പതിറ്റാണ്ടായി കമ്പനിയ്‌ക്കെതിരെ നടന്നുവന്ന നിയമപോരാട്ടത്തിനാണ് ഇതോടെ വിരാമമായത്.

തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും രോഗബാധയുണ്ടായ തൊഴിലാളികളോടും കുടുംബങ്ങളോടും അവര്‍ക്കുണ്ടായ വിഷമതകളില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഉപമേധാവി കിം കി നാം പറഞ്ഞു. കമ്പനിയുടെ സെമി കണ്ടക്ടര്‍, എല്‍സിഡി ഫാക്ടറികളില്‍ പണിയെടുത്ത തൊഴിലാളികള്‍ക്കാണ് അര്‍ബുദരോഗബാധയുണ്ടായത്.

കമ്പനി തൊഴിലാളികളില്‍ 240 പേര്‍ക്ക് തൊഴില്‍ സംബന്ധമായ രോഗങ്ങളുണ്ടാവുകയും 80 പേര്‍ മരിക്കുകയും ചെയ്തു. പത്തു വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിനൊടുവില്‍ രോഗം ബാധിച്ച ഓരോത്തര്‍ക്കും കമ്പനി 1,33,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണകൊറിയയുടെ സ്റ്റേറ്റ് വെല്‍ഫെയര്‍ ഏജന്‍സി വിധിച്ചു. മാപ്പപേക്ഷ കൊണ്ടു മാത്രം തീരുന്നതല്ല തൊഴിലാളികള്‍ക്കുണ്ടായ ദുരിതമെന്നും അവരുടെ ദുഃഖത്തിലും നഷ്ടങ്ങളിലും ആത്മാര്‍ത്ഥമായി പങ്കു ചേരുന്നുവെന്നും കിം കി നാം കൂട്ടിച്ചേര്‍ത്തു.

Exit mobile version