പൗരത്വ നിയമ ഭേദഗതി; ബോളിവുഡ് താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ബിജെപി; പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് താരങ്ങള്‍

മുംബൈ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ബോളിവുഡ് താരങ്ങളെ ക്ഷണിച്ച് ബിജെപി. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ ജയ് പാണ്ഡ തുടങ്ങിയവരാണ് താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഞായറാഴ്ച മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി നടക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ‘മിഥ്യകളെ കുറിച്ചും യാഥാര്‍ഥ്യങ്ങളെ കുറിച്ചുമാ’ണ് ബിജെപി നേതാക്കള്‍ ബോളിവുഡ് താരങ്ങളുമായി ചര്‍ച്ച ചെയ്യുക. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ചര്‍ച്ചയ്ക്കു ശേഷം താരങ്ങള്‍ക്ക് അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ പരിപാടിയില്‍ ഏതൊക്കെ താരങ്ങള്‍ പങ്കെടുക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. എന്നാല്‍ ക്ഷണക്കത്ത് ലഭിച്ച പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഒരു പ്രശസ്ത സംവിധായകനും മുന്നിര നടിയും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. നടി സ്വര ഭാസ്‌കര്‍, നടന്‍ സിദ്ധാര്‍ഥ്, സംവിധായകന്‍ അനുരാഗ് കശ്യപ് തുടങ്ങിയവര്‍ നിയമത്തിനെതിരെ പ്രതികരിച്ചു. എന്നാല്‍ കങ്കണ റണാവത്ത് ഉള്‍പ്പെടെയുള്ളവര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Exit mobile version