നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി റെയില്‍വേ മന്ത്രാലയം

22500 കോടിയുടെ പദ്ധതിയാണ് റെയില്‍വേ മന്ത്രാലയം പ്ലാന്‍ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലും സ്വകാര്യ പങ്കാളിത്തം വരുന്നു. ഇതിന്റെ ഭാഗമായി നൂറ് റൂട്ടുകളില്‍ നൂറ്റിയമ്പത് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുമായി റെയില്‍വേ മന്ത്രാലയവും നീതി ആയോഗും. 22500 കോടിയുടെ പദ്ധതിയാണ് റെയില്‍വേ മന്ത്രാലയം പ്ലാന്‍ ചെയ്തിരിക്കുന്നത്.

മുംബൈ സെന്‍ട്രല്‍-ഡല്‍ഹി, ഡല്‍ഹി-പട്‌ന, അലഹബാദ്-പുനെ, ദാദര്‍-വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇതിനു പുറമെ ഹൗറാ – ചെന്നൈ, ഹൗറ-പട്‌ന, ഇന്‍ഡോര്‍-ഒഖ്‌ല, ലക്‌നൗ-ജമ്മു താവി, ചെന്നൈ-ഒഖ്‌ല, ആനന്ത് വിഹാര്‍-ഭഗല്‍പുര്‍, സെക്കന്ദ്രബാദ്-ഗുവാഹത്തി, ഹൗറ-ആനന്ത് വിഹാര്‍ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പദ്ധതിയിലുണ്ട്.

തല്‍പരകക്ഷികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്‌കഷന്‍ പേപ്പറാണ് റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ നൂറ് റൂട്ടുകള്‍ 10-12 ക്ലസ്റ്ററുകള്‍ ആയി തിരിച്ചിരിക്കുകയാണ്. അതേസമയം ഈ പദ്ധതിയില്‍ ട്രെയിനുകള്‍ ഏതൊക്കെ സ്റ്റേഷനില്‍ എത്ര സമയം നിര്‍ത്തിയിടണം എന്നത് സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. ഇതിനു പുറമെ ടിക്കറ്റ് നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. ഈ പദ്ധതിയിലൂടെ നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും വ്യക്തമാക്കിയത്.

Exit mobile version