രാജ്യം കത്തുന്നു; ഇന്ത്യാ സന്ദർശനം റദ്ദാക്കി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; റദ്ദാക്കിയവയിൽ മോഡിയുമായുള്ള കൂടിക്കാഴ്ചയും

സിഡ്‌നി: രാജ്യത്ത് കാട്ടുതീ പടർന്ന് പിടിച്ച് ദുരന്തമുണ്ടായ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ നാലുദിവസത്തെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസൺ സന്ദർശനം റദ്ദാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 13 മുതൽ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദർശനം ക്രമീകരിച്ചിരുന്നത്. ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചർച്ചയും മോറിസന്റെ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാർഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു.

ഡൽഹിയെ കൂടാതെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ മേഖലകളിലാണ് തീ പടർന്നു പിടിച്ചത്. അഞ്ഞൂറോളം വീടുകളും കത്തിയമർന്നു.

Exit mobile version