ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്, ജാഗ്രത

ജില്ലയില്‍ അടുത്ത രണ്ട് ദിവസം ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്. ജില്ലയില്‍ അടുത്ത രണ്ട് ദിവസം ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രിയും ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. എന്നാല്‍, നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ആലപ്പുഴ ജില്ലക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version