ബാബ്‌റി പള്ളിക്കായി ഭൂമി കണ്ടെത്തി യുപി സർക്കാർ; അയോധ്യയിൽ നിന്നും 15 കിലോമീറ്റർ അകലെ

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബാബ്‌റി പള്ളി പണിയാൻ ഭൂമി കണ്ടെത്തി യോഗി സർക്കാർ. അയോധ്യ ഭൂമി തർക്കക്കേസിൽ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് മുസ്ലിം പള്ളിക്കായി ഭൂമി കണ്ടെത്തുന്നത്. മിർസാപുർ, ഷംസുദ്ദീൻപുർ, ചന്ദാപുർ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണ് പള്ളി നിർമ്മിക്കുന്നതിനായി സർക്കാർ കണ്ടെത്തിയിരിക്കുന്നത്. അയോധ്യയിലെ പുണ്യസ്ഥലം എന്ന് കരുതപ്പെടുന്ന പ്രദേശത്തു നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. പള്ളിക്ക് അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോർഡിന്റെ നിർദേശപ്രകാരമായിരിക്കും തെരഞ്ഞെടുക്കുക.

നവംബർ ഒമ്പതിലെ സുപ്രീകോടതി ഉത്തരവ് പ്രകാരം അഞ്ച് ഏക്കർ ഭൂമി പള്ളി നിർമാണത്തിനായി സുന്നി വഖഫ് ബോർഡിന് കൈമാറും. മൂന്നു മാസത്തിനുള്ളിൽ മുസ്‌ലിംകൾക്ക് പള്ളിക്കായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. എന്നാൽ ഭൂമി സ്വീകരിക്കേണ്ടെന്ന പൊതു നിലപാടിലാണ് മുസ്‌ലിം സംഘടനകൾ. അയോധ്യയിലെ തർക്ക പ്രദേശത്തെ ഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കാനും തർക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ പള്ളി നിർമ്മിക്കാൻ നൽകണമെന്നുമാണ് നവംബർ ഒമ്പതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച 19 പുനഃപരിശോധന ഹർജികളും ഡിസംബർ 12 ന് ചീഫ് ജസ്റ്റിസ്റ്റ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു.

Exit mobile version