പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായം ചെയ്യണമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസമില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബങ്ങളെ താന്‍ സന്ദര്‍ശിച്ചിരുന്നതായും രാഹുല്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ‘രാജ്യത്തുടനീളം പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും പരിക്കേല്‍ക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും എല്ലാ സഹായവും നല്‍കാനും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു.

Exit mobile version