ഇന്നത്തെ യുവാക്കള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു, അവര്‍ക്ക് അവകാശമുണ്ട്, നല്ല കാര്യമാണ്, ഞാന്‍ അതിനെ ബഹുമാനിക്കുന്നു; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അസ്ഥിരത, അരാജകത്വം, സ്വജനപക്ഷപാതം എന്നിവയൊന്നും ഇന്നത്തെ യുവാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 60-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ദശകത്തില്‍ ഇന്ത്യന്‍ യുവത നിര്‍ണായക പങ്കുവഹിക്കുന്നവരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ യുവാക്കള്‍ ഒരു വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണെന്നും വിശാലമായ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് അഭിപ്രായങ്ങളുണ്ടെന്നും മോഡി പറഞ്ഞു. ഇതൊരു വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും 21-ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നത്തെ യുവാക്കള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു. അത് നല്ല കാര്യമാണ്. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികളെന്നും മോഡി പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇത് യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമമാകാമെന്നും പ്രതികരണം ഉയരുന്നുണ്ട്.

സൂര്യഗ്രഹണം കാണാന്‍ കഴിയാത്തതിലുള്ള സാഹചര്യം അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്നും അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണമെന്നും അദ്ദേഹം മന്‍ കി ബാത്തിലൂടെ പറഞ്ഞു.

Exit mobile version