പൗരത്വഭേദഗതി; വിദ്യാര്‍ത്ഥി സമരം പതിനെട്ടാം ദിവസത്തേക്ക്, രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താന്‍ പദ്ധതി

കാമ്പസിലെ പോലീസ് നടപടിയില്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കാന്‍ നീക്കം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ യുപി ഭവന്‍ ഉപരോധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് കാമ്പസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരും. അതേസമയം പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.

കാമ്പസില്‍ നടന്ന പോലീസ് നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് ഭീമ ഹര്‍ജി നല്‍കാന്‍ സമരസമിതി തീരുമാനിച്ചു. അടുത്ത മാസം 12 ന് ഡല്‍ഹി രാംലീലാ മൈതാനത്ത് രണ്ട് ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ പരിപാടി നടത്താനും സമരസമിതി പദ്ധതിയിടുന്നുണ്ട്.

ദരിയാഗഞ്ചില്‍ നടന്ന പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പത് പേരുടെ ജാമ്യാപേക്ഷയിന്മേല്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. വാദത്തിനിടെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. പോലീസ് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തെന്നും ഇതില്‍ അക്രമത്തില്‍ പങ്കില്ലാത്തവരെ അറസ്റ്റ് ചെയ്‌തെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അതേസമയം അക്രമത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നിലപാട്.

Exit mobile version