നടുറോഡിലല്ല പ്രണയം; തിരക്കുള്ള റോഡിൽ ബൈക്കിൽ കമിതാക്കളുടെ സിനിമാസ്‌റ്റൈൽ സ്‌നേഹപ്രകടനം; 11,000 രൂപ പിഴയിട്ട് പോലീസ്

ന്യൂഡൽഹി: തിരക്കുള്ള റോഡിൽ ബൈക്കിൽ സാഹസിക സ്‌നേഹപ്രകടനം നടത്തിയ കമിതാക്കൾക്ക് പിഴയിട്ട് പോലീസ്. അപകടമായ രീതിയിൽ ബൈക്ക് ഓടിച്ചെന്ന് കാണിച്ച് കാമുകികാമുകൻമാരിൽ നിന്നും 11,000 രൂപ ഡൽഹി പോലീസ് പിഴയീടാക്കുകയായിരുന്നു.

ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുക, ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായി വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരുന്നത്. ഇവയ്ക്കെല്ലാം ചേർത്താണ് 11,000 രൂപ പിഴയൊടുക്കാൻ പോലീസ് ചെല്ലാൻ നൽകിയത്.

ബൈക്ക് ഓടിക്കുന്നയാളുടെ മുന്നിലെ ബൈക്കിന്റെ ടാങ്കിൽ ഡ്രൈവറിന് അഭിമുഖമായി ഇരുന്ന് യുവതി അയാളെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഈ സാഹസിക യാത്ര ചെയ്ത കമിതാക്കളുടെ സിനിമാ സ്‌റ്റൈൽ റൈഡ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് പോലീസ് ഇവരെ കണ്ടെത്തി പിഴയിട്ടത്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നതിന്റെ വീഡിയോ സമീപകാലത്താണ് സോഷ്യൽമീഡിയയിൽ എത്തിയത്.

ALSO READ- ‘വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവൻ’; ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരെ പോലീസിൽ പരാതി; ഗുരുതര ആരോപണം

അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് 11,000 രൂപ പിഴ നൽകിയിട്ടുണ്ടെന്ന് ദൃശ്യങ്ങൾ ഉൾപ്പെടെ ഡൽഹി പോലീസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിഡ്ഢിത്തം കാണിച്ച് സിനിമയിലെ ദൃശ്യങ്ങൾ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്ന് പോലീസ് ഉപദേശിക്കുന്നുമുണ്ട്. ജൂലായ് 16-നാണ് ഈ സംഭവം നടക്കുന്നതെന്നാണ് വിവരം.

ഡൽഹിയിലെ മംഗൽപുരിയിലെ ഔട്ടർ റിങ്ങ്റോഡ് ഫ്ളൈഓവറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Exit mobile version