പൗരത്വ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തോടും അനാദരവ്; പ്രത്യേക മതക്കാരെ തിരഞ്ഞുപിടിച്ച് വേട്ടയാടി യുപി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചവരെ മതത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞുപിടിച്ച് വേട്ടയാടിയതായി റിപ്പോർട്ട്. കൂടാതെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തോടും അനാദരവ് കാണിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് പോലീസ് കസ്റ്റഡിയിലും ക്രൂരപീഡനങ്ങൾ നേരിടേണ്ടിവന്നു. പ്രത്യേക മതവിഭാഗത്തെ തിരഞ്ഞുപിടിച്ച് പോലീസ് വേട്ടയാടുകയായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ റിപ്പോർട്ട് പറയുന്നു.

പോലീസ് നടപടിയെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ ഏറ്റവുമധികം പ്രതിഷേധം കത്തിപ്പടരുകയും 21ഓളം ജീവനുകൾ പൊലിയുകയും ചെയ്ത സംസ്ഥാനമാണ് യുപി. എട്ടുവയസുകാരനുൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരെ ക്രൂരമർദനത്തിനിരയാക്കി, ചികിത്സ നിഷേധിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ അടക്കം ചെയ്തു. കല്ല്യാണവീടുകളിലടക്കം അതിക്രമിച്ചുകയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നും യുപി പോലീസിനെതിരെ ആരോപണമുണ്ട്.

പലയിടങ്ങളിലും പ്രകോപനങ്ങളൊന്നുമില്ലാതെയാണ് പോലീസ് വെടിയുതിർത്തതെന്ന് എഴുപത് മനുഷ്യാവകാശ സംഘടനകൾ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നു. മുട്ടിന് താഴെ വെടിവയ്ക്കണമെന്ന അടിസ്ഥാനനിയമം പോലും പോലീസ് പാലിച്ചില്ല. പോലീസ് വെടിവെയ്ക്കുന്നതിന്റെചിത്രങ്ങളും വീഡിയോകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ നടക്കുന്നത് ഭരണകൂടഭീകരതയാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌ക്കറും സീശാൻ അയൂബും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version