പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍, വിദ്യാര്‍ത്ഥിയെ പുറത്താക്കി; ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുന്നു

ഡിസംബര്‍ 19-നു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ റോബിന്‍ പങ്കെടുത്തിരുന്നു.

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയവര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതികാര നടപടികള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച 28 പേര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. പൊതു മുതല്‍ നശിപ്പിച്ചന്നെ കണക്കുകള്‍ കാണിച്ച് 28 പേര്‍ക്ക് പേരെ 25 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.

ഇതിനു പിന്നാലെയാണ് അടുത്ത പ്രതികാര നടപടി കൈകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. കൂടാതെ വിദ്യാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്തു. പ്രതിഷേധത്തില്‍ ആളുകളെ ഒന്നിച്ചു കൂട്ടിയെന്നാരോപിച്ചാണ് കോളേജ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്.

പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിന് ഖ്വാജ മുയിനുദ്ദീന്‍ ചിഷ്തി ഉര്‍ദു അറബി ഫാര്‍സി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെ പുറത്താക്കി ദിവസങ്ങള്‍ക്കുള്ളിലാണ് അധ്യാപകനെതിരായ നടപടി കൈകൊണ്ടിരിക്കുന്നത്. ലഖ്നൗവിലെ ഷിയാ പിജി കോളേജിലെ കരാര്‍ അധ്യാപകനായ റോബിന്‍ വര്‍മ്മയെയാണ് സസ്പെന്‍ഡ് ചെയ്തത്.

റോബിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണു തങ്ങള്‍ നടപടിയെടുത്തതെന്ന് കോളേജ് മാനേജര്‍ എസ് അബ്ബാസ് മുര്‍ത്താസ സംഷി നല്‍കുന്ന വിശദീകരണം. ഡിസംബര്‍ 19-നു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ റോബിന്‍ പങ്കെടുത്തിരുന്നു. റോബിനെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കോളേജ് മാനേജ്മെന്റ് നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിനു ശേഷം കൂടുതല്‍ നടപടിയെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്ന് അവര്‍ അറിയിച്ചു.

Exit mobile version