‘ഞങ്ങൾ വെടിവെച്ചിട്ടില്ല; പ്രതിഷേധക്കാരാണ് വെടിവെച്ചത്’; പുതിയ വാദം തെളിയിക്കാൻ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് പോലീസ്

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 20 ഓളം പേരെ കൊലപ്പെടുത്തിയിട്ടും വെടിവെപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിക്കാതെ ഉത്തർപ്രദേശ് പോലീസ്. പോലീസ് വെടിവെപ്പിനെ ന്യായീകരിച്ച സേന, പ്രതിഷേധക്കാരാണ് തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്ന് വാദിക്കാൻ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു. പ്രതിഷേധത്തിനിടെ പോലീസിനെതിരേ ജനങ്ങൾ വെടിയുതിർക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മീററ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമത്തിനിടെ പകർത്തിയ ദൃശ്യങ്ങളാണ് യുപി പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. പ്രതിഷേധത്തിനിടെ പോലീസിന് നേരേ തോക്കു ചൂണ്ടി വെടിയുതിർക്കുന്ന രണ്ടുപേരും തോക്കുമായി നടന്നുനീങ്ങുന്ന മുഖംമറച്ച ഒരാളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.

ഡിസംബർ 19 മുതൽ 21 വരെ ഇത്തരത്തിലുള്ള അക്രമവും കലാപവുമാണ് പോലീസിന് നേരിടേണ്ടിവന്നതെന്നും അതിനാലാണ് തിരിച്ചടിച്ചതെന്നുമാണ് പോലീസ് വാദം. ഒരാഴ്ചയ്ക്കിടെ മാത്രം 20ഓളം പേരാണ് യുപിയിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്. മീറ്ററിൽ മാത്രം ആറുപേർ മരിച്ചു.

കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ മൃതദേഹങ്ങളിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നെങ്കിലും പ്ലാസ്റ്റിക്, റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് മാത്രമാണ് വെടിവെച്ചതെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. ഈ ബുള്ളറ്റുകൾ ജീവനെടുക്കുമോ എന്ന് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടുമില്ല. ബിജിനോറിൽ നടത്തിയ വെടിവെപ്പ് മാത്രമാണ് ഇതുവരെ പോലീസ് ഏറ്റുപറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ സംസ്ഥാന പോലീസിന് വൻ നാശനഷ്ടങ്ങളുണ്ടായതായി ഉപമുഖ്യമന്ത്രി ദിനേഷ് ശർമ്മയും ആരോപിച്ചു. 288 പോലീസുകാർക്ക് പരിക്കേറ്റതായും ഇതിൽ 62 പേർക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറിലേറെ വെടിത്തിരകൾ പ്രതിഷേധത്തിനിടെ കണ്ടെടുത്തതായും ഉപമുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version